എന്താണ് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് ? എന്താണ് കേരളത്തിൽ സംഭവിച്ചത് ?

കേരളത്തിലെ യു.എ.ഇ കോണ്സുലേറ്റിലേക്കു വന്ന നയതന്ത്രബാഗിൽ സ്വർണ്ണം കള്ളക്കടത്തു നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് നമ്മൾ മലയാളികൾ പി.ഡബ്ള്യു.സി അഥവാ പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് എന്ന പേര് കേൾക്കുന്നത്. എന്താണ് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ്, ഇവരെ വെച്ചുകൊണ്ട് സർക്കാർ എന്താണ് ചെയ്യുന്നത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുകയാണ് ലോക്കൽ മെട്രോ. ഇതൊരു കുറ്റാന്വേഷണ പരമ്പരയല്ല.

ലോകത്തു നൂറ്റിയൻപത്തേഴു രാജ്യങ്ങളിൽ ഓഫിസുകൾ ഉണ്ടെന്നും 276000, ആളുകൾ ജോലി എടുക്കുകയും ചെയ്യുന്നു എന്നവകാശപ്പെടുന്ന ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡർ കമ്പനി ആണ് പി.ഡബ്ള്യു.സി എന്ന് അവരുടെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു. പ്രധാനമായും കമ്പനികൾക്ക് വിവിധ കാര്യങ്ങളിൽ ഉപദേശം നൽകുകയാണ് തങ്ങളുടെ ബിസിനസ് എന്ന് അവർ പറയുന്നുണ്ടെങ്കിലും പ്രത്യേകിച്ച് ഒരു മേഖലയോ ഒരു പ്രവർത്തിയോ അവർ ഊന്നിപ്പറയുന്നില്ല. ടാക്സ് കാര്യങ്ങൾ മാത്രമാണ് അതിൽ തെളിച്ചു പറയുന്നത്. അതുകൊണ്ട് തന്നെ കമ്പനികൾക്കും സർക്കാരുകൾക്കും മറ്റും നിയമപരമായി എന്തും ചെയ്തു കൊടുക്കുന്ന ഒരു ഏജൻസി എന്ന് പി.ഡബ്ള്യു.സി യെ വിളിക്കാം.

ലോകത്തെമ്പാടും പല കമ്പനികളും തങ്ങളുടെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടു വലിയ പുരോഗതി കൈവരിച്ചു എന്നു പി.ഡബ്ള്യു.സി അവകാശപ്പെടുന്നു. പി.ഡബ്ള്യു.സിയെ പോലത്തെ ഒരു കമ്പനി ആണ് കേരളത്തിന് ബിഗ്‌ഡേറ്റ പ്രോസസ്സിംഗ് സൗജന്യമായി തരാം എന്ന് പറഞ്ഞു വന്ന സ്പ്രിംഗ്ളറും. ഇവയെല്ലാം തന്നെ മുതലാളിത്ത വ്യവസ്ഥിതിയിൽ കോടികൾ കൊയ്യുന്ന കമ്പനികളെ സഹായിക്കുന്ന ഏജൻസികൾ ആണ് പ്രധാനമായും. കരാർ വ്യവസ്ഥയിൽ നിയമിക്കുന്ന വിദഗ്ധരെ ഉപയോഗിച്ച് നൂതന ആശയങ്ങൾ രൂപീകരിച്ചു കമ്പനികൾക്ക് നൽകുകയാണ് ഇത്തരം കമ്പനികളുടെ ബിസിനസ്. ജർമ്മനിയിൽ വ്യകസിപ്പിച്ച എസ്.എ.പി എന്ന മാനേജിങ്-അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കമ്പനികൾക്ക് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നത് ഒരു വലിയ കൺസൾട്ടിങ് സർവീസ് ആണ്. അതുപോലെയുള്ള പലപ്പോഴും അതിനേക്കാൾ വലിയതും സങ്കീര്ണമായതുമായ ഒരു സർവീസ് ആണ് പി.ഡബ്ള്യു.സി യും അതുപോലുള്ള കമ്പനികളും ചെയ്തു വരുന്നത്. സ്ഥിരം ശമ്പളത്തിന് വിവിധ മേഖലയിലെ ആളുകളെ ജോലിക്കു വെച്ച് കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ കുറഞ്ഞ (സ്ഥിര) ചിലവിൽ ഇവരെ കൊണ്ട് കാര്യങ്ങൾ ചെയ്യിച്ചെടുക്കാം എന്നതാണ് യഥാർത്ഥത്തിൽ ഇവരെ ഉപയോഗിക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇതിനിടയിൽ കമ്പനികൾ തമ്മിലുള്ള കിടമത്സരങ്ങളും സാമൂഹ്യവിരുദ്ധമോ, നിയമത്തിനെതിരായതോ ആയ കാര്യങ്ങളും നടന്നേക്കാം എന്നതാണ് വലിയ പ്രശ്നം. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ ഭീമമായിരിക്കുകയും ചെയ്യും. പ്രത്യേകിച്ച് ഡിജിറ്റൽ സർവീസ് മേഖലയിൽ.

ഈ ഡിജിറ്റൽ യുഗത്തിൽ മറ്റെന്തിനേക്കാളും കമ്പനികൾക്ക് പ്രിയം ഡാറ്റയാണ്; ജനങ്ങളെ കുറിച്ചുള്ള ഡാറ്റാ. കൃത്യതയോടെ തീരുമാനങ്ങൾ എടുക്കുന്നതിനും ഒരു പതിറ്റാണ്ടുകൊണ്ട് കൈവരിക്കേണ്ട വളർച്ച ചില മാസങ്ങൾ കൊണ്ട് കൈവരിക്കാം എന്നത് തന്നെ ഇതിനു കാരണം. വലിയ തോതിൽ ഒരു സമൂഹത്തിലെ ആളുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ലഭ്യമല്ല എങ്കിൽ വർഷങ്ങൾ എടുത്തുള്ള സർവേകൾ ഉപയോഗിച്ച് മാത്രമേ കമ്പനികൾക്ക് കൈവരിക്കാൻ കഴിയൂ എന്നത് തന്നെ ഇതിനു കാരണം. ഇങ്ങനെ ഡാറ്റാ ശേഖരിക്കുന്നതിനുള്ള മാർഗമായും ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. അത്തരം സാഹചര്യത്തിലാണ് സ്പ്രിംഗ്ളർ, പി.ഡബ്ള്യു.സി എന്നിവ കേരളത്തിൽ ആവിർഭാവം ചെയ്യുന്നത് എന്നത് ആശങ്കയുളവാക്കുന്നു. അതിലേറെ, ജനങ്ങളുടെ അവസാന പ്രതീക്ഷയായ സി.പി.എം നയിക്കുന്ന സർകാരും ഇതിനെല്ലാം അവസരം കൊടുക്കുന്നുവെന്നത് എന്നത് ആശങ്കയുണ്ടാക്കുന്നു. സ്പ്രിംഗ്ളർ, പി.ഡബ്ള്യു.സി എന്നീ രണ്ടു കമ്പനികളും ആരോപണ വിധേയനായ, ഐ.എ.എസ് സർവീസ് ബഹുമതിയായി കിട്ടിയ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കാലത്താണ് കേരളത്തിൽ കോലാഹലം ഉണ്ടാക്കിയത്, ആരോപണങ്ങൾക്ക് പന്തംകൊളുത്തുന്നത് എന്നത് ഒരു പക്ഷെ യാദൃശ്ചികമാകാം. എങ്കിലും ജനങ്ങൾ ചില വിശദീകരണം അർഹിക്കുന്നു.

ആഗോളതലത്തിൽ സർവീസ് നൽകുന്ന മികച്ച പല കമ്പനികളുടെയും ആശ്രയമായ പി.ഡബ്ള്യു.സിയി ലൂടെയാണ് പത്താംക്‌ളാസ്സ് യോഗ്യതയുള്ള സ്വപ്ന സുരേഷ് കേരള സർക്കാർ തുടങ്ങിയ വൻകിട സ്ഥാപനത്തിന്റെ പ്രോജക്ട് മേധാവി ആയി വന്നത്. സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടുന്നത് സർക്കാർ മാത്രമല്ല ആ കമ്പനി കൂടിയാണ്, അവരുടെ സൽപ്പേര് കൂടിയാണ്. കേരളത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരത്തിൽ ഈ കമ്പനിക്കു ഒരു ഓഫീസ് തുടങ്ങാൻ, അതായതു അവരുടെ ഉദ്യോഗസ്ഥർക്ക് ഇരുന്നു പ്രവർത്തിക്കാൻ അവസരമൊരുക്കാൻ ചില നീക്കങ്ങൾ നടന്നിരുന്നു എന്ന് കേൾക്കുന്നു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് പ്രവർത്തന ഗുണനിലവാരം പോരാ എന്ന് ചൂണ്ടിക്കാട്ടിയാണ് അങ്ങനെ ഒരു ശ്രമം നടന്നത്. അത് സംഭവിച്ചിരുന്നു എങ്കിൽ സ്വപ്നയെ പോലെ കരാർ അടിസ്ഥാനത്തിൽ ഒട്ടേറെ പേര് സെക്രട്ടറിയേറ്റിൽ കയറികൂടിയേനെ. പരോക്ഷമായി ഇപ്പോൾ തന്നെ നാടിന്റെ വികസനത്തിലും ഭരണത്തിലും മുതലാളിത്ത കൈകടത്തലുകൾ ഏറെയുണ്ട് കേരളത്തിൽ. ഇടതുപക്ഷ ഭരണത്തിൽ അത് കുറവായിരിക്കും എന്ന് കേരള ജനത പ്രതീഷിക്കുന്നുണ്ട്. എന്നിട്ടും ഇങ്ങനെ സംഭവിക്കുമ്പോൾ പരിക്ക് പറ്റുന്നത് പ്രധാനമായും സി.പി.എമ്മിന്റെ സൽപ്പേരിനാണ്; നഷ്ടപ്പെടുന്നത് ജനങ്ങളുടെ പ്രതീക്ഷയാണ്.

സർക്കാരിന് നേരിട്ട് ചെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനു കഴിയുന്ന ഏജൻസികളെ കാര്യങ്ങൾ ഏൽപ്പിക്കുന്നത് സ്വാഭാവികം. അത് ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റോപ്പ് നിർമാണത്തിൽ പോലും അങ്ങിനെ ആണ്. അത്ര ചെറിയ കാര്യത്തിന് പോലും പൊതുമരാമത്തു വകുപ്പ് മറ്റു ഏജൻസികളെ പതിറ്റാണ്ടുകളായി ആശ്രയിച്ചു വരുന്നു. അത് പോട്ടെ, തന്ത്രപ്രധാനമായ കാര്യങ്ങളിൽ എങ്കിലും ഈ കരാർ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നതും പിഴവുകൾ വരുമ്പോൾ അതെല്ലാം കരാർ അടിസ്ഥാനത്തിൽ ഏല്പിച്ചതാണ് കാര്യങ്ങൾ എല്ലാം നിർണ്ണയിക്കുന്നത് ആ കരാർ ആണ്, അതെല്ലാം കോടതി തീരുമാനിക്കട്ടെ, തെറ്റ് എല്ലാം ആ കമ്പനി ചെയ്തതാണ് എന്നുള്ള രീതിയിൽ കാര്യങ്ങൾ പോകുന്നത് ശുഭസൂചകമായി കരുതാനാവില്ല. ഗുണനിലവാരം ഉറപ്പാക്കാനാണു പ്രോജക്‌ട് രീതിയിൽ കാര്യങ്ങൾ എന്നും കരാർ നിയമനങ്ങൾ എന്നുമാണ് സർക്കാരും സർക്കാർ വൃത്തങ്ങളും പറയുന്നത്. ഇങ്ങനെ പോവുകയാണെങ്കിൽ സ്ഥിരം നിയമനങ്ങൾ വേണ്ട എന്ന രീതിയിലേക്ക് കാര്യങ്ങൾ വരുമോ എന്നും ചിന്തിക്കേണ്ടതുണ്ടു. ഇതിൽ ഇടതുപക്ഷത്തിന് മാത്രമല്ല പങ്ക്, മാറി വരുന്ന ഏതു സർക്കാരിന്റെ കാലത്തും കരാർ നിയമനങ്ങൾ, പ്രോജെക്റ്റുകൾ എല്ലാം നടക്കുന്നുണ്ട്.

ഇങ്ങനെ ഗുണനിലവാരം ഉറപ്പാക്കാൻ സ്പ്രിംഗ്ളർ, പി.ഡബ്ള്യു.സി ഒക്കെ വരികയാണെങ്കിൽ നമുക്കെന്തിനാണ് ലോകകേരളസഭ എന്നൊരു ചോദ്യം ഉയരുന്നുണ്ടു. ലോകത്തെമ്പാടും മികച്ച സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ ഉണ്ട്. അവരുടെ എല്ലാം വൈദഗ്ധ്യം നാടിൻറെ പുരോഗതിക്കു പ്രയോജനപ്പെടുത്താൻ ആണ് ലോകകേരളസഭ തുടങ്ങിയത്. 2018. ജനുവരി ആണ് ആദ്യമായി സഭ നടന്നത്. ഗൾഫിലും യൂറോപ്പിലുമുള്ള മലയാളി വിദഗ്ധർ അതിൽ പങ്കെടുത്തു. 2020. ജനുവരിയിലും നടന്നു സമ്മേളനം. ഇതിലെല്ലാം വിവിധ നിർദ്ദേശങ്ങൾ അംഗങ്ങളിൽ നിന്നും സർക്കാരിന് ലഭിച്ചിട്ടുണ്ട്. സഭയിൽ പങ്കെടുക്കുന്ന വിദഗ്ധരുടെ സേവനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും സർക്കാരിന് സ്വീകരിക്കാം, അവരെ ഉപയോഗിച്ചുള്ള ഒരു പാനലിൽ നിന്നും സർക്കാർ ജീവനക്കാരെ കൂടി ഉൾപ്പെടുത്തി പി.ഡബ്ള്യു.സി ചെയ്യുന്ന കാര്യങ്ങൾക്ക് സമാനമായി പ്രവർത്തികൾ നടപ്പാക്കുകയും ചെയ്യാം. ഇതിനെല്ലാം ഉള്ള സാഹചര്യം നിലനിൽക്കെ ഇതെല്ലം സംഭവിക്കുമ്പോൾ ചോദ്യങ്ങൾ ഉയരുക സ്വാഭാവികം. ഇനി സർക്കാരിന് ചെയ്യാനുള്ളത് നിലവിലുള്ള കരാറിന് അനുസൃതമായി കാര്യങ്ങൾ നീക്കുകയെന്നത് മാത്രമാണ്. ഇല്ലെങ്കിൽ യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോളഭീമനുമായി നിയമയുദ്ധത്തിന് പോകേണ്ടി വരും. മറ്റൊന്ന് ഇവർക്ക് കേരളത്തിൽ പ്രവർത്തനാനുമതി നിഷേധിക്കുക എന്നതാണ്. അത് പക്ഷെ അവരെ കൂടുതൽ പ്രതിസന്ധിയിലെത്തിക്കുകയും കേരള സർക്കാർ സമ്മർദ്ദത്തിലാവാനും സാധ്യതയുണ്ട്.

ഏതെങ്കിലും ഒരു രാജ്യത്തെ നിയമങ്ങളെ നേരിട്ട് വെല്ലു വിളിക്കുന്നില്ല എന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന തന്ത്രം, അല്ലെങ്കിൽ സൽപ്പേര് നിലനിർത്താനുള്ള നയം. എന്നാൽ കേരളത്തിലെ സ്വർണക്കടത്തു പോലുള്ള കാര്യങ്ങൾ വെളിവാകുമ്പോൾ പരോക്ഷമായി ഇത്തരം സ്ഥാപനങ്ങളുടെ പേരുകൾ വരികയും ചെയ്യും. അന്താരാഷ്ട്ര തലത്തിലെ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തിയിൽ കാണാക്കയങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കാനോ സമൂഹത്തിൽ അത് ഏൽപ്പിക്കാവുന്ന വിപരീത ഫലങ്ങളെ തെളിയിക്കാനോ സർക്കാരുകൾക്ക് കഴിയാറില്ല എന്നത് ആണ് യാഥാർഥ്യം.

Leave a Reply

Your email address will not be published. Required fields are marked *