ഇന്ന് ലോക മാതൃ ദിനം

എഡിറ്റോറിയൽ

ഇന്ന് ലോക മാതൃ ദിനം. ഭൂമിയുടെ ചരിത്രത്തിനും മാനവരാശിക്കും പുതിയ മുഖം എഴുതിച്ചേർക്കുന്ന തലമുറകൾക്ക് ജന്മം നൽകുന്ന സുകൃതത്തെ ലോകം ഓർക്കുന്ന ദിനം. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ അമ്മമാരുടെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ ഇട്ടും ചിലർ മൂകമായി ഓർത്തും മറ്റു ചിലർ കുഴിമാടങ്ങളിൽ ചെന്ന് പ്രാർത്ഥിച്ചും ഈ ദിനം ആചരിക്കുന്നു, നിരവധി അമ്മമാർ ഓർമ്മിക്കപ്പെടുന്നു.

എന്നാൽ ഇതാണോ, ഇങ്ങനെയാണോ ശരിക്കും നമ്മൾ മാതൃദിനം ആചരിക്കേണ്ടത്. സ്വന്തം ഭർത്താവിന്റെയോ കാമുകന്റെയോ സ്നേഹത്തിനോ വഞ്ചനയോ കൊണ്ട് അല്ലെങ്കിൽ ഏതെങ്കിലും നരാധമന്റെ വന്യതക്ക് കീഴ്പ്പെട്ടുവോ ഗർഭിണിയായി കുഞ്ഞിനെ പ്രസവിച്ചു കഷ്ടപ്പെട്ടു വളർത്തി ഒടുവിൽ അവരെല്ലാം കളമൊഴിഞ്ഞു മഞ്ഞയും കറുപ്പും കലർന്ന ബോർഡ് വെച്ച അനാഥരുടെ വീട്ടിലെ അംഗങ്ങളായി കഴിഞ്ഞു പോരുന്ന എത്രയോ അമ്മമാരുണ്ട്.

അമ്മയായി ജീവിച്ച ഏതു സ്ത്രീക്കും ഏതു കുഞ്ഞിനെ കണ്ടാലും ആരുടെ മക്കളെ കണ്ടാലും മനസ്സിൽ വാത്സല്യം ആണ് ചുരക്കുക. എന്നാൽ ഇവർക്ക് വാത്സല്യം കൊടുക്കാറുമില്ല ഇത്തിരി സ്നേഹം ഇങ്ങോട്ടു കിട്ടാറുമില്ല. മനുഷ്യനെന്നാൽ ജോലി ചെയ്യുകയും ഭക്ഷണം കഴിച്ചു ഉറങ്ങുകയും ചെയ്യുന്ന കേവലമൊരു ജീവി എന്ന നിലയിലേക്ക് ഒതുങ്ങിയ ജീവിതമുള്ള ഈ അമ്മമാരും ഈ ദിനം അർഹിക്കുന്നില്ല. അവരെ ഓർക്കാൻ ഈ ദിനം നമുക്ക് ഒരു നിമിത്തമാകട്ടെ എന്ന് ആശിച്ചുകൊണ്ട് നിര്ത്തുന്നു.