എല്ലാവര്ക്കും സ്വീകാര്യമായ ഒരു സുന്ദരമായ സിനിമ, സക്കറിയയുടെ സംവിധാനത്തിൽ ഈയിടെ റിലീസായ ഹലാൽ ലവ് സ്റ്റോറി എന്ന സിനിമയെ അങ്ങിനെ വിളിക്കാം. കലയെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നവരുടെ സ്നേഹംകൊണ്ട് അത്രമേൽ മനോഹരവും അയത്നലളിതവുമാണ് സിനിമ മുഴുവനും.
മലയാള സിനിമ ഏറെ പ്രയാസപ്പെടുന്ന കൊറോണ കാലത്തു തന്നെ പുറത്തിറങ്ങി വലിയ ജനപ്രീതിയും തരക്കേടില്ലാത്ത സാമ്പത്തിക വിജയവും നേടുന്ന ചുരുക്കം സിനിമകളിൽ ഒന്നായും സക്കറിയ എന്ന ചെറുപ്പക്കാരന്റെയും ഒരു കൂട്ടം സാധാരണ മനുഷ്യരുടെയും ഈ പരിശ്രമത്തെ അടയാളപ്പെടുത്താം; നിസ്സംശയം. സിനിമയെടുക്കലിന്റെ സിനിമയാണ് ഹലാൽ ലവ് സ്റ്റോറി, എന്നാൽ പറയാൻ ശ്രമിക്കുന്നത് മറ്റൊരു വലിയ കാര്യമാണ്, അതിൽ നൂറു ശതമാനവും തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട് എന്നതുകൊണ്ട് തന്നെ കണ്ടിരിക്കേണ്ട ഒരു നല്ല സിനിമയാണ് ഇത്. ആമസോൺ പ്രൈംമിൽ മാത്രമായി റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് നേടുന്നത്.
ഇതുവരെ കണ്ടുമുഷിയാത്ത കാസ്റ്റിംഗ്, കുത്തിത്തിരുകി എന്ന് തീരെ തോന്നാത്ത മുഴുനീള ഹാസ്യം എന്നിവ ഈ സിനിമയെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിക്കും. സിനിമ തുടങ്ങി പത്തു മിനിറ്റ് തികയും മുൻപേ കഥാപാത്രങ്ങൾ എല്ലാം നമ്മുടെ അയൽക്കാരാണ് എന്ന ഫീൽ ഉണ്ടാക്കുന്നതിൽ വിജയിക്കാൻ അതുകൊണ്ട് തന്നെ സംവിധായകന് കഴിഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ കോലം കത്തിക്കുന്ന രംഗത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രധാനിയായി വന്ന ലത്തീഫ് കുറ്റിപ്പുറം സാധാരണ ജീവിതത്തിലും മനുഷ്യത്വപരമായ സമരമുഖങ്ങളിൽ അത്തരമൊരാളാണ് എന്നത് മേമ്പൊടിയായി പറയാം. ആകെയുള്ള രണ്ടു പാട്ടുകൾ വളരെ മനോഹരമായിരിക്കുന്നു. ഒന്ന് രണ്ടു ആളുകൾ മാത്രം വെറുതെ വന്നു പോയി എന്ന് തോന്നിയുള്ളൂ. വളരെ ചെറിയൊരു കാര്യത്തെ, ഏതാണ്ട് പത്തു ദിവസം മാത്രം നീളുന്ന ഒരു സിനിമാ ഷൂട്ടിങ്ങിനിടെ സംഭവിക്കുന്ന കാര്യങ്ങളിലൂടെ ഒരിക്കലും തീർന്നു പോകരുതേ എന്ന് ഓരോ പ്രേക്ഷകനും ആഗ്രഹിക്കുന്ന ഒരു സിനിമയാണ് സക്കറിയ കാഴ്ചവെക്കുന്നത്.