ബെയ്‌റൂട്ടിൽ പൊട്ടിത്തെറിച്ചത് സ്ഫോടകവസ്തുവല്ല.

Science Desk : അരുൺ പള്ളിശ്ശേരി

കറിയ്ക്ക് ഉപ്പെന്ന പോലെ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ രാസവസ്തുവാണു ഇന്നലെ ലബനണിലെ ബെയ്റൂട്ടിൽ പൊട്ടിത്തെറിച്ച അമോണിയം നൈട്രേറ്റ്. നൈട്രിക് ആസിഡിന്റെ അമോണിയം ലവണമാണിത്; രാസവാക്യം: NH4NO3.

ഇന്നലത്തെ പൊട്ടിത്തെറി തുറമുഖനഗരത്തിനെ നല്ലൊരു ഭാഗത്തെ അപ്പാടെ തകർക്കുകയും നൂറോളം പേരുടെ മരണത്തിനും നാലായിരത്തോളം പേർക്ക് ഗുരുതരമായ പരിക്കുകൾക്കും കാരണമായിട്ടുണ്ട്.ക്ലിയറൻസ് ലഭ്യമാവാതെ തുറമുഖത്തിലെ ഗോഡൌണിൽ കഴിഞ്ഞ ആറു വർഷത്തോളമായി സൂക്ഷിച്ചുവെച്ച 2700 ടണ്ണോളം വരുന്ന അമ്മോണിയം നൈട്രേറ്റ് ആണു ഏതാണ്ടൊരു ആണവവിസ്ഫോടനം പോലെ നഗരത്തെയാകെ വിഴുങ്ങിയത്.
ചുരുങ്ങിയ ചിലവിൽ നിർമ്മിക്കാൻ കഴിയുന്ന നൈട്രജൻ വളമെന്ന രീതിയിൽ അമോണിയം നൈട്രേറ്റ് മനുഷ്യരാശിയ്ക്ക് അത്യന്താപേക്ഷിതമായ രാസവസ്തുവാണ്‌.മാത്രമല്ല ഫാർമസ്യൂട്ടിക്കൽ രംഗത്തും ഈ രാസവസ്തു ഒഴിച്ചുകൂടാനാകാത്തതാണ്‌.


പെട്ടെന്ന് തീ പിടിച്ച് പൊട്ടിത്തെറിക്കുന്ന ഒരു രാസവസ്തുവൊന്നുമല്ല അമോണിയം നൈട്രേറ്റ്.ഒറ്റയ്ക്കിരികുമ്പോൾ അപകടകാരിയല്ലാത്ത ഈ രാസവസ്തു ചില സവിശേഷ സാഹചര്യങ്ങളിൽ അതിഭീതിതമായ തരത്തിൽ പെരുമാറും .പെട്ടെന്ന് തീപിടിയ്ക്കുന്ന ഏതെങ്കിലും ഒരു രാസവസ്തുവുമായി ചേർന്നാൽ ഉഗ്രരൂപം പ്രദർശിപ്പിക്കാൻ മടിയില്ലാത്ത അമോണിയം നൈട്രേറ്റിനെ അപകടകാരിയാക്കുന്നത് അതിന്റെ ഓക്സിഡേഷനുള്ള കഴിവാണ്‌.210 ഡിഗ്രി സെലഷ്യസ് ചൂടിൽ ഡീകമ്പോസ് ചെയ്യുന്ന അമോണിയം നൈട്രേറ്റ് കൂടിയ അളവിൽ നൈട്രസ് ഓക്സൈഡ് വാതകം ഉത്പാദിപ്പിക്കുകയും അവ തീപിടുത്തത്തെ,ഓക്സിജന്റെ ഓറ്റയ്ക്കുള്ള സാന്നിദ്ധ്യമില്ലാത്ത ഇടത്തുപോലും, തീവ്രമായി സഹായിക്കും.


ചെറിയൊരു സ്ഥലത്ത് വലിയ അളവിൽ അമോണിയം നൈട്രേറ്റ് സൂക്ഷിക്കുകയും ,അതിൽ ചെറിയ ഒരു ഭാഗത്തിനു ഏതെങ്കിലും തീപിടുത്തം വഴി താപവിഘടനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും അനുബന്ധവാതകങ്ങളും തുടർന്ന് കൂടിയ അളവിലുള്ള അമോണിയം നൈട്രേറ്റിനെ വിഘടിപ്പിക്കുകയും ഫലത്തിൽ വലിയൊരു സ്ഫോടനത്തിനു വഴിതെളിയിക്കുകയും ആണു ചെയ്യുക .അതായത് അമോണിയം നൈട്രേറ്റിനു താപ വിഘടനം സംഭവിക്കുമ്പോൾ നൈട്രസ് ഓക്സൈഡും ജലവും ആയി മാറുന്നു.ഈ നൈട്രസ് ഓക്സൈഡ് വീണ്ടും വിഘടിച്ച് നൈട്രജനും , ഓക്സിജനും ,ജലവും ആയി മാറുന്നു. കൂടുതൽ അളവിലുള്ള അമോണിയം നൈട്രേറ്റിൽ തുടക്കത്തിൽ ഇതൊരു ചെയിൻ റിയാക്ഷൻ പോലെ പതിയെ പതിയെ നടന്ന് വലിയൊരു പൊട്ടിത്തെറിയ്ക്ക് ആവശ്യമായ സാഹചര്യം ഉണ്ടാക്കുകയാണു ചെയ്യുക .
ഈയൊരു വീഡിയോ ശ്രദ്ധിച്ചാൽ ചെറിയ ചെറിയ പൊട്ടിത്തെറികൾക്കൊടുവിൽ വലിയൊരു സ്ഫോടനം നടക്കുകയാണുണ്ടായത് എന്ന് കാണാം.
ആറു വർഷത്തോളം ഗോഡൌണിൽ ഇത്രയും അളവിൽ അമോണിയം നൈട്രേറ്റ് യാതൊരു സുരക്ഷയും കൂടാതെ വെച്ച അധികൃതരുടെ ധൈര്യത്തെ , വിവരമില്ലായ്മ്മയെ സംശയിക്കണം. ഈ സ്ഫോടനത്തിനു തിരികൊളുത്താനുണ്ടായ സാഹചര്യം ഏതെങ്കിലും അട്ടിമറിയാണോ എന്നത് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *