പൊന്നാനി തീരദേശം അവഗണനയിൽ; അധികൃതരുടെ കനിവിനായി നെട്ടോട്ടം.

23.07.2020

പൊന്നാനിയിൽ കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർ അധികൃതരുടെ കനിവിനായി കണ്ണ് നട്ടിരിക്കുന്നു. മാസത്തിലേറെയായി പൊന്നാനി ലൈറ്റ് ഹൌസിനടുത്തു രണ്ടു വീടുകൾ കടൽ കയറി നശിച്ചിട്ടു. ഇതുവരെയും ഒരു സഹായവും ഇവർക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല.

ശക്തമായ തിരമാലയിൽ മണൽ അടിച്ചു കയറി രണ്ടു വീടുകളെ മൂടുകയായിരുന്നു ഇവിടെ. വേണ്ട രീതിയിലുള്ള പുലിമുട്ടുകൾ ഇല്ലാതിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. ഈയടുത്ത കാലത്തു നിർമിച്ച പുലിമുട്ട് തകർന്നു വീട്ടിലേക്കു വെള്ളവും മണലും ചേർന്ന് കയറുകയായിരുന്നു. എന്നാൽ കുറച്ചകലെ വര്ഷങ്ങള്ക്കു മുൻപ് നിർമിച്ച പുലിമുട്ട് ഉള്ള ഭാഗത്തു ഒരു കുഴപ്പവും സംഭവിച്ചിട്ടുമില്ല. ഇതോടെ ജീവിതം ഗതിമുട്ടിയ ഇരുവീട്ടുകാരും ഇതുവരെ മുട്ടാത്ത വാതിലുകളില്ല. വരാം, വന്നു നോക്കാം എന്ന സ്ഥിരം പല്ലവിയല്ലാതെ അനുകമ്പയുള്ള ഒരു നടപടിയും സർക്കാർ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ഒരു വീട്ടുടമസ്ഥൻ ലോക്കൽ മെട്രോയോട് പറഞ്ഞു.

ഇപ്പോൾ വീണ്ടും പുലിമുട്ട് നിർമ്മാണം ആരംഭിച്ചുവെന്നും എന്നാൽ തികച്ചും അനുചിതമായ രീതിയിലാണ് പണികൾ നടക്കുന്നത് എന്നും തീരദേശവാസികൾക്ക് ഇതുകൊണ്ട് ഒരു ഗുണവും ഉണ്ടാവില്ലെന്നും ഇവിടത്തുകാർ പറയുന്നു. ഒരു മാസത്തിലേറെയായി കടലാക്രമണത്തിനിരയായ രണ്ടു വീടുകളും അതെ നിലയിൽ കിടക്കുന്നു. അത് ഒന്ന് പുനരുദ്ധരിക്കാനുള്ള യാതൊരു നടപടിയും ഇതുവരെ അധികൃതർ സ്വീകരിക്കാത്തത് ഒട്ടേറെ നിരാശാജനകമാണെന്നും ഈ കൊറോണകാലത്തു ഇങ്ങനെയും ഒരു ദുരിതം കൂടി തരുന്നത് അളമുട്ടിക്കുന്ന നടപടിയാണെന്നും ഇവർ പരാതിപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *