ഓൺലൈൻ പഠനം ; പോരായ്മകളുടെ ഒന്നാം ദിനം.

കൊറോണ കാരണം വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ഓൺലൈനിൽ ഫസ്റ്റ് ബെല്ലടിച്ചു, കുട്ടികൾ ഹാജർ. പുതുമയുള്ള പഠനം എന്ന് പ്രതീക്ഷിച്ചു എത്തിയ പലർക്കും നിരാശയാണ് ഒന്നാം പാഠത്തിൽ കിട്ടിയത്. വിക്ടേഴ്‌സ് ചാനെൽ, ഓൺലൈൻ സ്ട്രീമിങ് എന്നിങ്ങനെ വിവിധ മാർഗങ്ങളിൽ ക്‌ളാസ്സുകൾ ആരംഭിക്കാൻ സർക്കാർ സംവിധാനങ്ങൾ ചെയ്തിരുന്നു എങ്കിലും പല കുട്ടികൾക്കും ക്‌ളാസ്സുകൾ ലഭിച്ചില്ല. വൈദ്യുതി മുടക്കവും സെർവർ തകരാറുമാണ് വില്ലനായത്.

കൈറ്റ് വെബ്സൈറ്റിൽ ഓൺലൈൻ സ്ട്രീമിങ് പേജിൽ പോയാൽ സെർവർ തകരാർ ആണ് കാണിക്കുന്നത്. https://victers.itschool.gov.in/ എന്ന ഈ പേജ് വർക്ക് ചെയ്യുന്നില്ല. കൃത്യമായി മുടങ്ങാതെ വൈദ്യുതിയും ഗുണമേന്മയുള്ള ഇന്റർനെറ്റ് കണക്ഷനും ഇപ്പോഴും കിട്ടാക്കനിയായ കേരളത്തിലെ കുട്ടികൾക്കു സ്‌കൂൾ തുറക്കുന്നത് വരെ പഠനം ഒരു ബാലികേറാമലതന്നെ ആയിരിക്കും.

കാലത്തിനൊത്തു ഉയരാൻ കഴിയാത്ത കേരള ഐ.ടി ഡിപ്പാർട്ടമെന്റ് ന്റെ വലിയ പരാചയങ്ങൾ ആണ് ഇതിലും ജനങ്ങൾ കാണുന്നത്. പുതിയ ലോകത്തിന്റെ ആവശ്യത്തിനനുസരിച്ചു വളരെ മത്സരബുദ്ധിയോടെ എന്നാൽ രാഷ്ട്രീയ കുതിരക്കച്ചവടം തീരെ തീണ്ടാതെതന്നെ സുവ്യക്തമായും അതിവേഗത്തിലും തീരുമാനം എടുക്കേണ്ട ഉണർന്നു പ്രവർത്തിക്കേണ്ട ഒരു മേഖലയാണ് വിവര സാങ്കേതിക മേഖല. അതിൽ പോലും രാഷ്ട്രീയ ചായ്‌വുകൾ, അല്ലെങ്കിൽ മറ്റു കഴിവ് കുറവുകൾ ഒരു തടസ്സമാകുന്നു എന്ന് പഴി കേൾക്കേണ്ടി വരുന്നുണ്ട് പല കാര്യങ്ങളിലും ജനവിശ്വാസം നേടിയ ഇടതു പാർട്ടിക്കും അവർ നയിക്കുന്ന സർക്കാരിനും. സ്പ്രിംഗ്ളർ, ബെവ്കോ ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസം ഒന്ന് കൊണ്ടല്ലെങ്കിൽ മറ്റൊന്നുകൊണ്ട് ഈ വക പദ്ധതികൾ എല്ലാം കാര്യക്ഷമത കുറവുകൊണ്ട് ചീത്തപ്പേര് ഉണ്ടാക്കുകയാണ്.

ലോകത്തിലെ മുൻനിര കമ്പനികളുടെ വിജയത്തിന് ബുദ്ധികേന്ദ്രങ്ങളേയും നേതൃ നിരയെയും സംഭാവന ചെയ്യുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര ഐ.ടി കാര്യങ്ങളിൽ ഇങ്ങനെ പിഴവ് വരുന്നത് എന്ത് കൊണ്ടാണെന്നു ഇനിയെങ്കിലും നാം പഠിക്കേണ്ടിയിരിക്കുന്നു. കേരളം സിലിക്കൺവാലിയല്ല എന്ന സ്ഥിരം ഒഴിവുപറച്ചിലുകൊണ്ടൊന്നും ഇനി കാര്യമുണ്ടാവും എന്ന് തോന്നുന്നില്ല. കാര്യങ്ങൾ മാറിയേ പറ്റൂ. അതിനു സർക്കാരിന്റെ നയങ്ങളും മാറേണ്ടതുണ്ട്, അതിന്റെ കടിഞ്ഞാൺ പിടിക്കേണ്ടി വരുന്ന രാഷ്ട്രീയ നേതൃത്വവും മാറി ചിന്തിക്കേണ്ടത് ഉണ്ട്.

എന്തായാലും ജൂണിൽ സ്‌കൂൾ തുറക്കുമ്പോൾ പുതിയ കുടയും ബാഗുമായി അമ്മയുടെ വിരലിൽ തൂങ്ങി പുതിയ വീട്ടിലേക്കെന്ന പോലെ വിദ്യാലയമുറ്റത്തെത്തുന്ന സ്വപ്നം ഈ വര്ഷം നമ്മുടെ കുട്ടികൾക്ക് അന്യമാവുകയാണ് കൊറോണ മൂലം.

Leave a Reply

Your email address will not be published. Required fields are marked *