എടപ്പാളിലെ ആരോഗ്യ പ്രവർത്തകർക്ക് കൊറോണ; വിവരങ്ങൾ മറച്ചുവെച്ചതോ ?

എടപ്പാളിലെ സ്വകാര്യ ഹോസ്പിറ്റലുകളിലെ രണ്ടു ഡോക്ടർമാർക്ക് കൊറോണ പോസിറ്റീവ് ആയതു ജനങ്ങൾ അറിയാൻ വൈകിയത് വിനയായി. സെന്റിനാൽ പരിശോധനയിൽ കൊറോണ ഉണ്ടെന്നു ഉറപ്പായ വിവരങ്ങൾ മറച്ചുവെച്ച്‌ കൂടുതൽ പേരെ രോഗത്തിൽ പെടുത്തി എന്ന ചർച്ചകൾ ഭീതി പരത്തുന്നു.

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എടപ്പാളിലെ ഡോക്ടർമാരുടെ സ്രവപരിശോധനയിൽ അവർക്ക് കൊറോണബാധയുണ്ട് എന്ന് തെളിഞ്ഞത്. എന്നാൽ ഒന്നുകൂടി ഉറപ്പിക്കാനായി വിദഗ്ധ പരിശോധന ആരോഗ്യവകുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലം ശനിയാഴ്ച രാത്രിയാണ് വന്നത്. അത് വരെ ഈ രണ്ടു ഡോക്ടർമാരും പരിശോധന തുടർന്നിരുന്നു എന്ന് പലരും പറയുന്നു. ഇവരുടെ കോൺടാക്ട് ലിസ്റ്റ് മൊത്തം ഇരുപതിനായിരം പേരിലേക്ക് നീണ്ടതോടെ വലിയ പ്രതിഷേധമാണ് ആളുകളിൽ ഇതുണ്ടാക്കുന്നതു.

എന്നാൽ ഇത്തരത്തിൽ ഇവർ രോഗസ്ഥിരീകരണത്തിനു ശേഷവും പരിശോധന നടത്തിയോ എന്ന് അന്വേഷിക്കുമ്പോൾ ഉദ്യോഗസ്ഥരും ആസ്പത്രി അധികൃതരും മൗനം പാലിക്കുകയായിരുന്നു. സമൂഹത്തിലെ ആയിരക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്ന ഒരു കൃത്യവിലോപമാന് നടന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഡോക്ടർമാർക്ക് അറിയിപ്പ് കൃത്യസമയത്തു കൊടുക്കേണ്ടവർ കൊടുത്തോ ഇല്ലയോ എന്ന് കൃത്യമായി അറിയില്ല എന്നാണ് ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. ഒരു ദുരിതകാലം എന്ന പരിഗണയിൽ ഇപ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കാൻ കഴിയില്ല എന്നും അവർ പറഞ്ഞു. അങ്ങിനെ സംഭവിച്ചു പോയെങ്കിൽ നിർഭാഗ്യകരം എന്നും ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കും എന്നും ഡോക്ടർ സക്കീന പറഞ്ഞു.

ശുകപുരം ഹോസ്പിറ്റലിലെ ഡോക്ടർ ശനിയാഴ്ച ഹോസ്പിറ്റലിൽ വന്നിട്ടേയില്ല എന്നാണ് അവിടത്തെ മറ്റൊരു ഡോക്ടർ ലോക്കൽ മെട്രോയോട് പറഞ്ഞത്. ആരോഗ്യവകുപ്പിന്റെ അറിയിപ്പ് വന്നത് ശനിയാഴ്ച രാത്രിമാത്രമായിരുന്നു എന്നും ഉടൻ തന്നെ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവരെ മഞ്ചേരിയിലേക്കു തുടർചികിത്സക്ക് കൊണ്ട് പോയി എന്നുമാണ് അറിഞ്ഞത്. മാത്രമല്ല തുടർന്ന് പുറത്തുനിന്നും പുതിയ രോഗികളെ സ്വീകരിക്കുന്നില്ല എന്ന കർശന നിലപാട് എടുക്കുകയും ചെയ്തു. എന്നാൽ എടപ്പാൾ ഹോസ്പിറ്റലിൽ സംഭവിച്ചതിനെ കുറിച്ചു ആസ്പത്രി അധികൃതരിൽ നിന്നും വിവരങ്ങൾ ലഭ്യമായിട്ടില്ല.

പലർക്കും സോഷ്യൽ മീഡിയ വഴി വെള്ളിയാഴ്ച തന്നെ വിവരങ്ങൾ കിട്ടിയിരുന്നു എങ്കിലും സോഷ്യൽ മീഡിയ വാർത്തകൾ എല്ലാം തന്നെ വ്യാജമാണ് എന്ന നിലപാട് ഉള്ളതിനാൽ പലരും അത് വിശ്വസിക്കാതെ പലവിധ രോഗങ്ങൾക്കും ചികിത്സ തേടി പ്രസ്തുത ആസ്പത്രികളിൽ ചികിത്സക്ക് പോവുകയായിരുന്നു. വന്ന വാർത്തകൾ എല്ലാം തന്നെ പ്രോട്ടോകോൾ മാനിച്ചുകൊണ്ട് ഔദ്യോഗിക വാർത്തകൾക്കായി എല്ലാവരും അവിശ്വസിച്ചുകൊണ്ട് അപകടം സ്വീകരിക്കുകയായിരുന്നു എന്നതാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *